കുവൈത്ത്‌സിറ്റി : കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള രാജ്യങ്ങളില്‍ നിന്നും 80,000 ത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തില്‍ മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നു. ഡിസംബര്‍ 10 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിന് കേബിനറ്റിന്റെ അംഗീകാരം ലഭിച്ചു. മന്ത്രിസഭ തീരുമാനം അനുസരിച്ച് ആരോഗ്യ നിര്‍ദേശങ്ങളും തുടര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നിര്‍ദേശിച്ചു.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ വരാന്‍ കഴിയുക. ഇതിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഒരുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യണം.
അതേസമയം ടിക്കറ്റ് നിരക്കില്‍ അമിതമായി വര്‍ധനവ് പാടില്ലെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിമാനതാവളത്തില്‍ വെച്ച് ആദ്യ പി.സി.ആര്‍.പരിശോധന നടത്തിയ ശേഷം രണ്ടാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയായാല്‍ വീണ്ടും ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നതാണ്. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം തൊഴിലാളിക്ക് സ്‌പോണ്‍സറോടൊപ്പം പോകാവുന്നതാണ്. തൊഴിലാളികളുടെ വിമാന ടിക്കറ്റ് അടക്കം എല്ലാ ചെലവുകളും സ്‌പോണ്‍സര്‍ തന്നെ വഹിക്കേണ്ടതാണ്.