കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍. വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടു പ്രമേയവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണം 21 ബില്യനില്‍ കൂടുതലാണെന്നും എം പി ഒസാമ അല്‍ ഷഹീന്‍ പാര്‍ലമെന്റില്‍വ്യക്തമാക്കി. വിദേശത്തേക്കുള്ള സാമ്പത്തിക കൈമാറ്റത്തില്‍ 2.5 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്താനാണു  എംപിമാര്‍ നിര്‍ദേശിക്കുന്നത്.

എംപിമാരായ ഡോക്ടര്‍ ഹമീദ് മാത്താര്‍, ഡോക്ടര്‍ അബ്ദുല്‍ അസീസ് സകാബി,ഖാലിദ് അല്‍ ഓതൈബി, ശൂയിബ് അല്‍ മൂവായിസാരി എന്നിവരാണ് പ്രമേയവുമായി രംഗത്ത് വന്നത്. കരട് പ്രമേയം അനുസരിച്ച് നികുതി ചുമത്തുന്നതിലൂടെ 200 മില്യണ്‍ ദിനാര്‍ പൊതുഖജനാവിന് ലഭിക്കുമെന്നും രാജ്യത്തെ സാമ്പത്തിക മേഖലക്ക് വലിയ നേട്ടമുണ്ടാകുമെന്നും എം പി മാര്‍ ചൂണ്ടി കാണിക്കുന്നു.

സമാനമായ കരട് ബില്‍ നേരത്തെ നിരവധി തവണ എംപിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും  പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതോടെ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്‍ തൂക്കമുള്ളതിനാല്‍ നിലവിലെ പാര്‍ലമെന്റില്‍ ബില്ലിനു അംഗീകാരം ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്.