കുവൈത്ത് സിറ്റി: ജനുവരി 29-ന് ആരംഭിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 3600 അനധികൃത കുടിയേറ്റക്കാരായ വിദേശികള്‍ രാജ്യം വിട്ടതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ജനുവരി 29 വരെയുള്ള ഔദ്യോഗിക കണക്കുകളനുസരിച്ച് 1,22,000 അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ശേഷിക്കുന്നതായും 10,000 വിദേശികള്‍ രാജ്യം വിടുന്നതിന് സന്നദ്ധമായി അപേക്ഷ നല്‍കിയതായും കുടിയേറ്റവിഭാഗം ജനറല്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് റാഷിദ് അല്‍-ത്വാലഹ് അറിയിച്ചു.

പൊതുമാപ്പ് കാലാവധി ഫെബ്രുവരി 22-ന് അവസാനിക്കുമെന്നും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പൊതുമാപ്പാനുകൂല്യം പ്രയോജനപ്പെടുത്തുമെന്നും കേണല്‍ ഹാമദ് പറഞ്ഞു. താമസരേഖാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നതിന് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകുന്നതിനും താമസരേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിനുമുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

സന്ദര്‍ശന വിസയിലെത്തിയവര്‍ക്കും ഗാര്‍ഹിക തൊഴില്‍ വിസയിലെത്തിയവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഫെബ്രുവരി 22-ന് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യവ്യാപകമായി പരിശോധന ആരംഭിക്കുമെന്നും പിടിയാലാകുന്നവരെ ശിക്ഷാനടപടികള്‍ക്ക് ശേഷം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പിന്നീടൊരിക്കലും രാജ്യത്ത് മടങ്ങിവരാന്‍ കഴിയാത്ത വിധത്തില്‍ നാടുകടത്തുമെന്നും കേണല്‍ ഹാമദ് വ്യക്തമാക്കി.