കുവൈത്ത് സിറ്റി: കുവൈത്തില്‍  വിദേശ തൊഴിലാളികള്‍ യഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴിലല്ലാതെ തൊഴില്‍ ചെയ്താല്‍ നാട് കടത്തുമെന്ന് മാന്‍ പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.

സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്നും, നിയമം മറി കടന്ന് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന്  മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും.

ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികള്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ മാറിയും,സ്ഥാപനം മാറിയും നിരവധി വിദേശികള്‍ തൊഴില്‍ ചെയ്യുന്നതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധനക്ക് പദ്ധതി തയ്യാറാകുന്നത്. രാജ്യ വ്യാപകമായി പരിശോധനയ്ക്ക് തയ്യാറാവുകയാണ് സംയുക്ത സമിതി.

അതോടൊപ്പം കര്‍ഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കില്‍ കൂടി  സ്‌പോണ്‍സര്‍ മാറി  ജോലി ചെയുന്ന ഡെലിവറി സേവനം നടത്തുന്നവരും പിടിയിലാകും.