കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും 1,20,000 പേര്‍ ഈദ് അല്‍ അദ പെരുന്നാള്‍ പ്രമാണിച്ച് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി അധികൃതര്‍. 70 വിമാന സര്‍വീസുകളിലായി 11,000 പേരാണ് കഴിഞ്ഞ ദിവസം യാത്ര ചെയ്തത്. ദുബായ്, സൗദി അറേബ്യ,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേരും യാത്ര ചെയ്തത്. ഈദ് അവധി ദിനങ്ങളില്‍ 420 സെര്‍വീസുകള്‍ കൂടി ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ രാജ്യത്തേക്ക് വരുന്നതിന് അനുവദിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്‌നോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍. നിന്നുമാണ് കൂടുതല്‍ വിമാന സെര്‍വീസുകള്‍ ആരംഭിക്കുന്നതിന് മന്ത്രിസഭയോട് ആവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. തീരുമാനം എടുക്കേണ്ടത് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ആയതിനാല്‍ സിവില്‍ എവിയേഷന് ഇക്കാര്യത്തില്‍ മന്ത്രിസഭയോട് ആവശ്യപ്പെടുന്നതിന് മാത്രമേ കഴിയൂ. പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എന്നാരംഭിക്കുമെന്ന് യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല എന്നും പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.