കുവൈത്ത് സിറ്റി: വിദേശികളുടെ ആരോഗ്യചികിത്സ സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപംനല്‍കി. സ്വകാര്യമേഖലയിലെ വിദേശികളുടെ ആരോഗ്യചികിത്സ പൂര്‍ണമായും സ്വകാര്യ മേഖലയില്‍ ഇന്‍ഷുറന്‍സ് ആസ്​പത്രികളുമായി ബന്ധിപ്പിക്കുന്നതാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ഹര്‍ബിയാണ് അറിയിച്ചത്.

സ്വകാര്യമേഖലയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെയും സര്‍ക്കാര്‍ ആസ്​പത്രികളില്‍ പുതുക്കിയ നിരക്കനുസരിച്ച് വിദേശികള്‍ക്ക് ചികിത്സ ലഭിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യമാക്കിയ പുതുക്കിയ നിരക്ക് ആരോഗ്യ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന വിദേശികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, സ്വദേശി വിവാഹം ചെയ്ത വിദേശവനിതകള്‍ എന്നിവര്‍ക്ക് ബാധകമല്ല. എന്നാല്‍, വിവിധ മന്ത്രാലയങ്ങളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്കും ആരോഗ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് സര്‍ക്കാര്‍ ക്‌ളിനിക്കുകളിലും ആസ്​പത്രികളിലും ചികിത്സ ഉറപ്പാക്കുമെങ്കിലും വര്‍ധിപ്പിച്ച നിരക്ക് ബാധകമാണോയെന്ന് വ്യക്തമല്ല.

പുതുക്കിയ ഇന്‍ഷുറന്‍സ് ഫീസ് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന വിദേശികള്‍ക്ക് സൗജന്യചികിത്സ തുടരുമെന്നും പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആസ്​പത്രി ഡയറക്ടര്‍ എന്നിവര്‍ക്ക് മാനുഷികപരിഗണന നല്‍കി തീരുമാനിക്കാവുന്നതാണെന്നും മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.