കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നത് 33,000 വിദേശികള്‍. വിദേശികളില്‍ 17,000 ത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളും. നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 16,927 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. അതേസമയം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണെന്നും മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 61,353 ജീവനക്കാരാണ് ആരോഗ്യമന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 28,279 പേര്‍ സ്വദേശികളും 33,074 പേര്‍ വിദേശികളുമാണ്. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നഴ്സിങ് തസ്തികയിലാണ്. 21,490 പേരും നേഴ്‌സ്മാരാണ്. 9762 ഡോക്ടര്‍മാരും 2298 ഡെന്റിസ്റ്റുകളും 1667 ഫാര്‍മസിസ്റ്റുകളും നിലവില്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.

ബാക്കി 28000 ത്തോളം പേര്‍ അഡിമിനിസ്‌ട്രേഷന്‍, നോണ്‍ മെഡിക്കല്‍ ടെക്‌നിക്കല്‍ തസ്തികകളിലാണ്. നഴ്സിങ് തസ്തികയില്‍ ആകെയുള്ള 21,490ല്‍ 20,413 പേരും വിദേശികളാണ്. 1077 പേര്‍ മാത്രമാണ് സ്വദേശികള്‍. ഡോക്ടര്‍മാരില്‍ 5702 പേരും ഡെന്റിസ്റ്റുകളില്‍ 580 പേരും ഫാര്‍മസിസ്റ്റുകളില്‍ 776 പേരും വിദേശികളുമാണെന്ന് മാന്‍പവര്‍ അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.