കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിക്കുകയുള്ളൂ. 

പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനം 7500 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ അനുവദിച്ചിട്ടുളളത്. കൂടുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡിജിസിഎ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിലെ പ്രതിദിന ശേഷി ഇത് വരെ വര്‍ധിപ്പിച്ചിട്ടില്ല.  ഇതോടെ യാത്ര വിലക്ക് പിന്‍വലിച്ചിട്ടും ആളുകള്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മന്ത്രിസഭാ തീരുമാനം അനുസരിച്ച് വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നും ഡിജിസിഎ - അഡ്മിനിസ്‌ട്രേഷന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അബ്ദുല്ല അല്‍ റജ്ഹി അറിയിച്ചിരുന്നു.