കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീന്‍സ് സ്ഥാനപതിയോട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഫിലിപ്പീന്‍സില്‍നിന്നുള്ള കുവൈത്ത് സ്ഥാനപതിയെ കൂടിയാലോചനകള്‍ക്കായി തിരിച്ചുവിളിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ഫിലിപ്പീന്‍സ് എംബസി നയതന്ത്രത്തിലെ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും മന്ത്രാലയം ആരോപിച്ചു. കുവൈത്തിലെ നിയമങ്ങളെയും അന്താരാഷ്ട്രകരാറുകളെയും വെല്ലുവിളിച്ചാണ് തൊഴിലുടമകളുടെ വീടുകളില്‍നിന്ന് എംബസി ഉദ്യോഗസ്ഥര്‍ വീട്ടുവേലക്കാരെ രക്ഷപ്പെടുത്തികൊണ്ടുപോയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
 
രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായും സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളിയുമായാണ് ഇതിനെ കാണുന്നത്. വീട്ടുവേലക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോയ ഫിലിപ്പീന്‍സ് സ്വദേശികളുടെ പേരുകള്‍ മൂന്നുദിവസത്തിനകം നല്‍കാന്‍ എംബസിയോട് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എംബസിയില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ എംബസി സംഘത്തെ നിയോഗിച്ചതായി ഫിലിപ്പീന്‍സ് സ്ഥാനപതി വെളിപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്ന സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് ഔദ്യോഗികമായി ഖേദംപ്രകടിപ്പിക്കുകയും ചെയ്തു.