കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരകണക്കിന് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. അര്‍ഹത ഇല്ലാത്തവര്‍ സ്വന്തമാക്കിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ധാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത നിയമം കര്‍ശനമാക്കുന്നതിനുള്ള തീരുമാനം.

അതിന്റെ ഭാഗമായി നടത്തിയ രാജ്യ വ്യാപകമായ പരിശോധനയിലാണ് ആയിരകണക്കിന് അനര്‍ഹരായ വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. അതോടൊപ്പം കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചു വാഹനം ഓടിക്കുന്ന വിദേശികളെ കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി .

ഏകദേശം 40,000  വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ശേഷം അവരുടെ തൊഴില്‍ മാറ്റിയവരാണെന്നും, ഇവര്‍ നേരത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് അര്‍ഹതയുള്ള തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തവരുമാണെന്ന് അധികൃതര്‍. കണ്ടെത്തി.

കൂടാതെ പലരും ഇത്തരത്തിലുള്ള ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുമ്പോള്‍ കേവലം 5 ദിനാര്‍ പിഴയടച്ചു നാടു കടത്തല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നതായും കണ്ടെത്തി.

അതേസമയം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി 20,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചിട്ടില്ല. അത്തരത്തിലുള്ള ലൈസന്‍സുകളും ഉടന്‍ റദ്ധാക്കുനതിനാണ് തീരുമാനം.