കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. പൊതുമരാമത്തു മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ കുവൈത്ത് പിരിച്ചു വിടുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികയില്‍ ഉള്‍പ്പെടുന്ന 80 വിദേശികളെയാണ് കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടുന്നത്.
കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2021 മാര്‍ച്ചോടെ ഇവരുടെ സേവനം അവസാനിപ്പിക്കുന്നതിനാണ് തീരുമാനം.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്ത് സ്വദേശികളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായുള്ള അടുത്ത ഘട്ട നടപടികളാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരെ കൂടാതെ കൂടാതെ സ്‌പെഷ്യല്‍ കോണ്‍ട്രാക്ട് വ്യവസ്ഥകളിലുണ്ടായിരുന്നവരെയും പിരിച്ചുവിടുന്നവരുടെ പട്ടികയിലുണ്ട്.
തുടര്‍നടപടികളുടെ ഭാഗമായി ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. അതോടൊപ്പം തുടര്‍നിയമ നടപടികള്‍ക്കായി ഇവരുടെ വിവരങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷന് മന്ത്രാലയം കൈമാറി.