കുവൈത്ത് സിറ്റി : കുവൈത്തില്‍ കര്‍ഫ്യൂ നിയമം ലംഘിക്കുന്ന വിദേശികളെ  നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ഭാഗിക കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കുവൈത്ത്  ആഭ്യന്തര മന്ത്രാലയം പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി മുന്നറിയിപ്പ് നല്‍കി.

അതേസമയം കര്‍ഫ്യൂ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുകയും, സ്വദേശികള്‍ക്കെതിരെ കേസ് ചുമത്തുകയും ചെയ്യുമെന്നും, രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണെന്നും യാതൊരുതരത്തിലുള്ള നിയമ ലംഘനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ മേഖല വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.