കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആരോഗ്യ മന്ത്രാലയ നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍. എന്നാല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂവിന് സാധ്യത കുറവാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ഉന്നത വക്താവ് നല്‍കുന്ന സൂചന. കൂടാതെ കര്‍ഫ്യൂ നടപ്പിലാക്കുന്നതിനെതിരെ പാര്‍ലമെന്റ് അംഗങ്ങളും ശക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കയാണ്.
അതോടൊപ്പം വിദേശികളുടെ യാത്രവിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിസഭയുടെ പരിഗണനയിലാണ്. പ്രത്യേകിച്ചും ഇടത്താവളങ്ങള്‍ വഴി കുവൈത്തിലേക്ക് വരാന്‍ ശ്രമിച്ചു കുടുങ്ങിയ യാത്രക്കാരുടെ കാര്യത്തില്‍ അശ്വസിക്കാവുന്ന തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാകുന്നു.
അതേസമയം കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ നടപ്പാക്കാന്‍ പൊലീസും സൈന്യവും നാഷനല്‍ ഗാര്‍ഡും സജ്ജമെന്നും പ്രഖ്യാപനമുണ്ടായാല്‍ നടപ്പാക്കാന്‍ സേനാവിഭാഗങ്ങള്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതായും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം അറിയിച്ചിരുന്നു. ഇതുവരെ കര്‍ഫ്യൂ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്നും താരിഖ് അല്‍ മസ്‌റം കൂട്ടിച്ചേര്‍ത്തു.