കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറയ്ക്കുന്നു. പരിശോധനാ ഫീസ് 20 കുവൈത്ത് ദിനാറില്‍ കൂടുതലാകാന്‍ പാടില്ല. ഇതുസംബന്ധിച്ചു ആരോഗ്യ മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.ഫാത്തിമാ അല്‍ നജ്ജാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ കുവൈത്തിലെ ലബോറട്ടറികള്‍ അധിക നിരക്ക് ഈടാക്കുന്നതായി ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പി.സി.ആര്‍ പരിശോധനാ നിരക്ക് ഏകീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

അതേസമയം കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിനു സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് നീക്കം. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും വാക്സിനേഷനായി എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.