കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1477 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. 

രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിനകം 12.5 ലക്ഷം പേര്‍ പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,171 പേരില്‍ കോവിഡ് പരിശോധന നടത്തിയതില്‍ 1,477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം 2,44,325 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,393 ആയി. നിലവില്‍ 14,305 പേര്‍ ചികിത്സയില്‍ തുടരുന്നതയും ഇവരില്‍ 224 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

അതേസമയം റമദാന്റെ അവസാന പത്തു നാളുകള്‍ക്കു മുമ്പായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് 60 ശതമാനം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ ആരംഭിച്ചതായും വക്താവ് അറിയിച്ചു.