കുവൈത്ത് സിറ്റി:  കുവൈത്തില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയതായി കൊറോണ രോഗികള്‍ പ്രതിദിനം 500 റിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച്ച ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 756. പേര്‍ക്ക് കൂടി പുതിയതായി കൊറോണ കണ്ടെത്തി. ഇതോടെ രാജ്യത്ത്  കോവിഡ്  ബാധിച്ചു മരിച്ചവര്‍ 961 ആവുകയും കൊറോണ രോഗികള്‍ 1,67,410 ആയും ഉയര്‍ന്നു.

557 പേര്‍ ഇന്ന് രോഗമുക്തരയത്തോടെ രാജ്യത്ത് ഇതുവരെ 1,59,543 പേര്‍ രോഗമുക്തരായി. നിലവില്‍ 6,906 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 65 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം കുവൈത്തില്‍ അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയത് അയല്‍ രാജ്യങ്ങളില്‍ ആഫ്രിക്കയില്‍ നിന്നുള്ള കോവിഡ് വക ഭേദം കണ്ടെത്തിയ സാഹചര്യത്തിലാണെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു .

അയല്‍ രാജ്യങ്ങളില്‍ വക ഭേദം ഉണ്ടായ ആഫ്രിക്കന്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത്.
കൂടാതെ മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തെ പ്രതി ദിന കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്..
811 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗ ബാധ സ്ഥിരീകരിച്ചത്.

കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വന്നവര്‍ക്ക് വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞതും അധികൃതരെ ആശങ്കയിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു .

അതേസമയം കുവൈത്ത് വിമാനത്താവളം അടയ്ക്കുന്നതിനും ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികളിലേക്ക് അധികൃതര്‍ നീങ്ങുകയാണെങ്കില്‍ കുവൈത്തിലേക്ക് മടങ്ങാനായി വിവിധ രാജ്യങ്ങള്‍ ഇടത്താവളമാക്കി തയ്യാറെടുത്തിരിക്കുന്ന ആയിരക്കണക്കിന് വിദേശികള്‍ കടുത്ത പ്രതിസന്ധിയിലാകും.