കുവൈത്ത് സിറ്റി : ഈദ് അല്‍ അദ പെരുന്നാള്‍ അവധി ദിനത്തിലും കുവൈത്തിലെ കോവിഡ് കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്.

വാഫ്രയിലെയും, അബ്ദലിയിലെയും നൂറു കണക്കിന് കര്‍ഷക തൊഴിലാളികള്‍ക്ക് ഈദ് ദിനത്തില്‍ കുത്തിവെപ്പ് ആരംഭിച്ചതോടെ സുരക്ഷാ അധികൃതര്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം വലിയ തിരക്ക് അനുഭവപ്പെട്ടു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് രാജ്യത്തുള്ളവരെ മുഴുവനും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് കര്‍ഷക തൊഴിലാളികള്‍ക്ക് ഈദ് അവധി ദിനത്തില്‍ കുത്തിവെപ്പ് ആരംഭിച്ചത്.ഈദ് അവധി ദിനങ്ങളില്‍ കുത്തിവെപ്പ് തുടരുമെന്നും എത്രയും വേഗം എല്ലാവരിലും കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അതേസമയം കര്‍ഷക തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയതോടെ തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.കൂടാതെ പെരുന്നാള്‍ ദിവസവും കുവൈത്തിലെ  എല്ലാ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

എന്നാല്‍ കുത്തിവെപ്പ് പ്രക്രിയ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ്, പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ ഗംലാസ് എന്നിവര്‍ മിഷ്‌രിഫിലെ കുത്തിവെപ്പ് കേന്ദ്രം സന്ദര്‍ശിച്ചു കാര്യങ്ങള്‍ നിരീക്ഷിച്ചു.
കൂടാതെ അവധിദിവസങ്ങളിലും ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു. മഹാമാരിക്കെതിരായ പോരാട്ടം മുന്നില്‍നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന്‌ഡോ. ബുതൈന അല്‍ മുദഫ് അഭിപ്രായപെട്ടു.