കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നു. സ്വദേശികളും വിദേശികളുമടക്കം ഒമ്പത് ലക്ഷം പേര്‍ കോവിഡ് വാക്സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുഴുവന്‍ ജനങ്ങളും കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോട്ടു വരണമെന്നും പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ തടയാന്‍ സാധിക്കയുള്ളുവെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

65 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന്‍ സ്വീകരിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സ് കഴിഞ്ഞവര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. ഇവര്‍ക്ക് പ്രത്യേക ബുക്കിങ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദാണ് അറിയിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 കോവിഡ് മരണവും പുതിയതായി 1,371 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,468 ആയും,കോവിഡ് രോഗ ബാധിതര്‍ 2,59,868 ആയും വര്‍ധിച്ചു. ഇവരില്‍ 2,43,056 പേര്‍ രോഗ മുക്തരായതയും, നിലവില്‍ 15,344 പേര്‍ ചികിത്സയില്‍ തുടരുന്നതയും,248 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് വിശദീകരിച്ചു.