കുവൈത്ത് സിറ്റി :കുവൈത്തില്‍ നിര്‍മ്മാണ മേഖലയില്‍ വേണ്ടത്ര തൊഴിലാളികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നു. കരാറിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാവാതെ കരാര്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കഴിയാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതയും കരാര്‍ കമ്പനികള്‍. രാജ്യത്ത് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് നിര്‍മാണ പദ്ധതികള്‍ വൈകുന്നതായും റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കേണ്ട പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് കരാര്‍ ലഭിച്ച കമ്പനികള്‍ക്ക് തൊഴിലാളികളെ എത്തിക്കാനാകാത്തത് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കയാണ്. പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനൊപ്പം വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും ലഭിക്കുന്നുണ്ട്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റിന് തടസ്സം നേരിട്ടു.

കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് റിക്രൂട്ട്‌മെന്റിന് അനുമതി ലഭിക്കുക. റിക്രൂട്ട്‌മെന്റ് നടത്തിയാലും വീസ ലഭ്യമാകുന്നതിനുള്‍പ്പെടെ നിലവില്‍ നിരവധി കടമ്പകള്‍ കടക്കണം. അതേസമയം കരാര്‍ ലഭിച്ച പദ്ധതികള്‍ കൃത്യസമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നത് കരാര്‍ നേടിയ കമ്പനികളുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം പിഴയുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടതായും വരുമെന്നുള്ളതാണ് കരാര്‍ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി.