കുവൈത്ത് സിറ്റി: കുവൈത്ത് റിയൽ എസ്റ്റേറ്റ് മേഖലക്ക് വമ്പിച്ച സാമ്പത്തിക നേട്ടമെന്ന് കുവൈത്ത് ഫൈനാൻസ് ഹൗസ്. 2021 അവസാനത്തോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ സാമ്പത്തിക മുന്നേറ്റം കൈവരിച്ചതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വലിയ തകർച്ച നേരിട്ട റിയൽ എസ്റ്റേറ്റ് മേഖല സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിൽ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളുടെ മൂല്യം 1.2 ബില്യൺ ദിനാറിലെത്തിയെന്നു  കുവൈത്ത് ഫിനാൻസ് ഹൗസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വര്‍ഷത്തിന്‍റെ മൂന്നാം പാദമായപ്പോൾ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി നേട്ടം കൊയ്യാന്‍ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സാധിച്ചതായി സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു.

സ്വകാര്യ വീടുകളുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ 2.5 ശതമാനത്തിന്റെയും വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ ഒരു ശതമാനത്തിന്റെയും കുറവവ് വന്നപ്പോൾ സ്വകാര്യ ഭവന മേഖലയിൽ വാർഷിക അടിസ്ഥാനത്തിൽ 19.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ട്‌ വിശദമാക്കുന്നു.