കുവൈത്ത് സിറ്റി :  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലും കർശന നിയന്ത്രണം. പുതിയ കോവിഡ് വകഭേദത്തെ കണക്കിലെടുത്ത് 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കർശന നിയന്ത്രണത്തിന് അധികൃതർ നീക്കങ്ങൾ ആരംഭിച്ചു.

ദക്ഷിണാഫ്രിക്ക – നമീബിയ – ബോട്സ്വാന – സിംബാബ്‌വെ – മൊസാംബിക്ക് – ലെസോത്തോ – എസ്‌വാറ്റിനി – സാംബിയ – മലാവി എന്നീ രാജ്യങ്ങളുമായി നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ കുവൈത്ത് മന്ത്രിസഭാ സുപ്രീം കൗൺസിൽ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 7 ദിവസത്തേക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും വേണം.

അതേസമയം 28/11/2021 ഞായറാഴ്ച മുതൽ അവസാനമായി 14 ദിവസം നിരോധനം ഏർപ്പെടുത്തിയിട്ടുള രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള കുവൈത്ത് സ്വദേശികൾ അല്ലാത്ത യാത്രക്കാർക്ക്‌ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിനും മന്ത്രിസഭാ സുപ്രീം കൗൺസിൽ ആലോചിക്കുന്നതായാണ് വിവരം.