കുവൈത്ത് സിറ്റി: കുവൈത്തില്‍ തിരിച്ചറിയല്‍ കാര്‍ഡിന് പിന്നാലെ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസെന്‍സും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നു. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു.

ഇതനുസരിച്ചു ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലാക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. സിവില്‍ ഐ.ഡി  അഥവാ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐ.ഡിയുടെ മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും മാറ്റാനാണ് മന്ത്രാലയം ആലോചിക്കുന്നത്.

രാജ്യം രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നവീകരിച്ച കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത
കണക്കിലെടുത്താണ് ഡ്രൈവിങ് ലൈസന്‍സും രജിസ്‌ട്രേഷന്‍ കാര്‍ഡും ഡിജിറ്റലാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. അതേസമയം വാഹന രജിസ്‌ട്രേഷനും സിവില്‍ ഐ.ഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐ.ഡിയുമായി സംയോജിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്.