കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമനത്താവളം പൂര്‍ണ്ണ പ്രവര്‍ത്തന ശേഷിക്ക് സജ്ജമായതായി ഡി.ജി.സി.എ. ഞായറാഴ്ച മുതല്‍ വിമാന ത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കുവൈത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യൂസഫ് അല്‍ ഫൗസാന്‍ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ വിമാന കമ്പനികള്‍ക്കും വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അല്‍ ഫൗസാന്‍ വ്യക്തമാക്കി.

അതേസമയം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും വിമാന കമ്പനികള്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തന ശേഷിയിലേക്ക് മടങ്ങുന്നതിനും അനുബന്ധ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചത്.

അതേസമയം കൂടുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ നിലവിലുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് ട്രാവല്‍ വിദഗ്ധരുടെ വിലയിരുത്തല്‍.