കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും ഒപ്പിട്ട ഗാര്‍ഹിക തൊഴിലാളി ധാരണാ പത്രത്തിനു കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി.  ഇന്ത്യയില്‍നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇനി മുതല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരും.

ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചതോടെ 
നടപടികള്‍ പൂര്‍ത്തിയാക്കി വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനാണ് നീക്കം. കഴിഞ്ഞ ജൂണിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ 
കുവൈത്ത് സന്ദര്‍ശനവേളയില്‍  ധാരണ പത്രം ഒപ്പിട്ടത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ധാരണപത്രം. ഇതനുസരിച്ച് തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍
സ്‌പോണ്‍സര്‍ക്ക് അവകാശമുണ്ടാകില്ല. കൂടാതെ സ്‌പോണ്‍സര്‍ തൊഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പ്രതിമാസം ശമ്പളം കൃത്യമായി അക്കൗണ്ടില്‍ ഇടുകയും വേണം.

അതോടൊപ്പം റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി തൊഴിലാളിയുടെ ശമ്പളം പിടിച്ചുവെക്കാനോ വെട്ടിക്കുറയ്ക്കാനോ ഏജന്‍സിക്ക് അവകാശമില്ല തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുക.