കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 2,739 വിദേശികളെ നാടുകടത്തി. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നടപടികള്‍ അതിവേഗത്തിലാക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഒരു മാസത്തിനിടയില്‍ ഇത്രയും വിദേശികളെ നാടുകടത്തിയത്.

ആഭ്യന്തര മന്ത്രാലയ കണക്കുകള്‍ അനുസരിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്‌ടോബര്‍ 17 വരെ കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അല്‍ സഹാബ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

രാജ്യത്ത് അനധികൃതമായി തുടരുന്ന താമസ നിയമ ലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടുന്നതിന് സുരക്ഷാ പരിശോധന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ അതിവേഗത്തില്‍ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നിര്‍ദേശിച്ചത്.

കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷാ പരിശോധന കാമ്പയിന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരിശോധനയില്‍ പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് പരിശോധന കാമ്പയിന്‍ താത്കാലികമായി നിര്‍ത്തി വച്ചത്.