കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ കുവൈത്ത് താമസ കുടിയേറ്റ വിഭാഗം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കുടിയേറ്റ വിഭാഗം തയ്യാറാക്കിയ ശുപാര്‍ശ കുവൈത്ത് ആഭ്യന്തര മന്ത്രി ഷേഖ് താമര്‍ അല്‍ അലി അല്‍ സബാഹിന്റെ അനുമതിയോടെ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും.

അതോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്കും കുടുംബ വിസയും തൊഴില്‍ വിസയും അനുവദിക്കുന്നതിനും ആലോചിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്, കുടുംബത്തെ കൊണ്ടുവരുന്നതിന് വിസ അനുവദിക്കാന്‍ താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ശുപാര്‍ശ തയാറാക്കിയത്.

ആഭ്യന്തരമന്ത്രി ഷേഖ് താമിര്‍ അല്‍ അലി അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രാലയം അധികൃതരുടെ അനുമതിയോടെ ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. മന്ത്രിസഭയുടെ അനുമതിയോടെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് നീക്കം.

ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി കൃഷി, മത്സ്യബന്ധനവും വിതരണവും, കോഴി-കാലി വളര്‍ത്തല്‍, പാല്‍ ഉല്‍പാദനം, ഭക്ഷ്യവസ്തുക്കളും ബേക്കറി ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കലും വിതരണം ചെയ്യലും, ഷോപ്പിങ് സെന്ററുകള്‍, റസ്റ്ററന്റുകള്‍, ബോട്ട്ലിങ് കമ്പനികള്‍ എന്നിവിടങ്ങളിലേക്ക് വാണിജ്യ സന്ദര്‍ശക വിസ, തൊഴില്‍ വീസ അനുവദിക്കുന്നതിനും ആലോചിക്കുന്നു.

അതേസമയം ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനല്‍ ഗാര്‍ഡ്, നാഷനല്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും കുടുംബ വിസ അനുവദിക്കുന്നതിന് കുടിയേറ്റവിഭാഗം ആലോചിക്കുന്നു.