കുവൈത്ത് സിറ്റി: കുവൈത്ത് മിന അല്‍ അഹ്‌മദി എണ്ണ ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഏതാനും തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം നേരിട്ടതായും തൊഴിലാളികള്‍ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മിന അല്‍ അഹ്‌മദി എണ്ണ ശുദ്ധീകരണ ശാലയില്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കിയതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അധികൃതരും അറിയിച്ചിട്ടുണ്ട്. ഏതാനും പേര്‍ക്ക് നിസ്സാര പരിക്കും പുക ശ്വസിച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടും ഒഴിച്ചാല്‍ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനവും കയറ്റുമതിയും തടസ്സപ്പെട്ടിട്ടില്ല. മിന അല്‍ അഹ്‌മദി റിഫൈനറിയിലെ സള്‍ഫര്‍ നീക്കം ചെയ്യുന്ന യൂണിറ്റ് 42.ലാണ് തീപ്പിടിത്തം ഉണ്ടായത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി അധികൃതര്‍ അറിയിച്ചു.