കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗബാധിതര്‍ കുറയുന്നു. കോവിഡ് ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ അടയ്ക്കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതും കണക്കിലെടുത്താണ് നടപടി.

അതേസമയം യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിലെയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേരും പരിശോധിച്ചു ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ പേരും സിവില്‍ ഐ.ഡി. പാസ്‌പോര്‍ട്ടിലെ പേരുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് യാത്രാ അനുമതി നിഷേധിക്കപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ ചിലര്‍ക്ക് പാസ്‌പോര്‍ട്ടിലെ ലാറ്റിന്‍ പേരുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേരും സാമ്യമല്ലാത്തതിനാല്‍ യാത്ര മുടങ്ങി. പലരുടെയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പേരുകള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ വിമാന ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വഷന്‍, പി.സി.ആര്‍., ടാക്‌സി സര്‍വീസ് തുടങ്ങി വിവിധ ഇനങ്ങളിലായി വലിയ തുക നഷ്ടമായതായി യാത്രക്കാര്‍ അറിയിച്ചു.

മാന്‍ പവര്‍ അതോറിറ്റിയുമായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ സിവില്‍ ഐ.ഡി. നമ്പറും സീരിയല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഓട്ടോമാറ്റിക് ആയി ദൃശ്യമാകുമെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

അതേസമയം മിഷ്രിഫിലെ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച്‌സിവില്‍ ഐ.ഡി., പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ ഡാറ്റയില്‍ തിരുത്തലുകള്‍ വരുത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.