കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ജി സി സി രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കോവിഡ്  പശ്ചാത്തലത്തില്‍ തിരികെ വരാന്‍ കഴിയാതെ കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള നടപടികള്‍ ഉര്‍ജ്ജിതമാക്കുക, ഗള്‍ഫ് വിട്ട ഇന്ത്യന്‍ പ്രതിഭകളുടെ തിരിച്ചുവരവിന് അവസരം ഒരുക്കുക, ഗള്‍ഫിലേക്കുള്ള വിമാനങ്ങളുടെ വരവിനുള്ള തടസ്സങ്ങള്‍ നീക്കുക, സാമ്പത്തിക മേഖലയിലെ സഹകരണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡോ. എസ് ജയശങ്കര്‍ സ്ഥാനപതിമാര്‍ക്ക് നല്‍കി.

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായിട്ടാണ് കുവൈത്തില്‍ എത്തുന്നത്. കുവൈത്ത് വിദേശകാര്യമന്ത്രി ഷേയ്ഖ് ഡോ. അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് കുവൈത്തിലെത്തിയതെന്നും ഇന്ത്യ കുവൈത്ത് ബന്ധം എല്ലാ മേഖലകളിലും കൂടുതല്‍ ശക്തമാകുന്നതിനുള്ള സാധ്യതകളാണ് മുന്നിലിലുള്ളതെന്നും എസ് ജയ്ശങ്കര്‍ അഭിപ്രായപെട്ടു.