കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇടവേളക്ക് ശേഷം പുതിയ രോഗികളുടെ എണ്ണവും കോവിഡ് മരണവും  വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,345 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് ബാധിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,719 ആയും ആകെ രോഗബാധിതര്‍ 2,97,206 ആയും ഉയര്‍ന്നു. 11.89 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിനകം 993 പേര്‍ കൂടി രോഗ മുക്തരായതോടെ മൊത്തം 2,82,913 പേര്‍ രോഗ മുക്തരായി.

നിലവില്‍ 12,574  പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 171 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

രാജ്യത്ത് അനധികൃതമായി അമിത മരുന്ന് വില ഈടാക്കിയാല്‍ ആറ് മാസം വരെ തടവും 20,000 ദിനാര്‍ വരെ പിഴയും ഈടാക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു. മരുന്ന് വില ഏകീകരിക്കുന്നതിന്റെ ഭാഗമായി മരുന്ന് വില കുറച്ചതായും സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ അമിത വില ഈടാക്കിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.