കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് പ്രതിദിന രോഗികള്‍ ആയിരത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും  ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. 

രാജ്യത്തെ കോവിഡ് മരണം 1,711 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതര്‍ 2,95,861 ആയും ഉയര്‍ന്നു. 10.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 10,660 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,168 പേരില്‍ പുതിയതായി കോവിഡ് കണ്ടെത്തിയത്.

അതേസമയം ഇതിനകം 980 പേര്‍ കൂടി രോഗ മുക്തരായതോടെ രാജ്യത്ത് മൊത്തം 2,81,920 പേര്‍ രോഗമുക്തരായി. നിലവില്‍ 12,230 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 183 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ മുന്നോട്ട് വരണമെന്നും ഡോ.അബ്ദുള്ള അല്‍ സനാദ് ആവശ്യപ്പെട്ടു.