കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുന്നു. അതിവേഗം രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതിയൊരുക്കി.

ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കൂടുതല്‍ വാക്സിനേഷന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വ്യാപാര സ്ഥാപനങ്ങളിലും മാളുകള്‍ കേന്ദ്രീകരിച്ചും തൊഴിലാളികള്‍ കൂടുതലുള്ള ജോലി സ്ഥലങ്ങളില്‍ മൊബൈല്‍ യൂണിറ്റുകള്‍ എത്തി കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുകയാണ്.

രാജ്യത്തെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി നിലവിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനകം 20 ലക്ഷം പേര്‍ക്ക് കുത്തിവെയ്പ്പ് നടത്തിയതായും പ്രതിദിനം 30,000 ത്തോളം പേരെ കുത്തിവെയ്പ്പ് നടത്താന്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.