കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രാജ്യത്തെ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.

ഈദ് അല്‍ ഫിത്തര്‍ പെരുന്നാളിന്റെ ആദ്യദിനം വ്യാഴാഴ്ച വന്നെത്തിയ സാഹചര്യത്തിലാണ് കുവൈത്ത് അമീര്‍ എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നത്.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് മഹാമാരി കണക്കിലെടുത്ത് ഒത്തു ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും കര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളോടും സഹകരിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

അതേസമയം ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ചു സഹോദര ജി.സി.സി. രാഷ്ട്രത്തലവന്മാര്‍ക്കും പ്രത്യേകം ഈദ് ആശംസാ സന്ദേശങ്ങള്‍ അയച്ചതായി അമിരി ദിവാന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.