കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദ് അല്‍ ഫിത്തര്‍ നിസ്‌കാരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. പള്ളികള്‍ക്കുള്ളിലെ പ്രാര്‍ഥനകള്‍ 15 മിനിറ്റ് കവിയാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മെസ്രേം വാര്‍ത്താലേഖകരെ അറിയിച്ചു.

ഔഖ്ഹാഫ് മത കാര്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. 1500 ഓളം പള്ളികളാണ് ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ക്ക് ഒരുങ്ങിയിട്ടുള്ളത്. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിച്ചു കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പള്ളികളില്‍ പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈദ് അല്‍ ഫിത്തറിനായി രാജ്യത്തെ പള്ളികള്‍ ഒരുങ്ങിയതായും വിശ്വാസികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കോവിഡ് മാനദണ്ഡവും ആരോഗ്യ മന്ത്രാലയ നിര്‍ദേശവും കണക്കിലെടുത്തു തയ്യാറായിട്ടുണ്ടെന്നും ഔഖ്ഹാഫ് മത കാര്യ മന്ത്രി ഇസ്സാ അല്‍ കന്ദരിയും അറിയിച്ചു.