കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം തുടരുന്നു. കുവൈത്തിലെ അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഷിപ്പിങ് കമ്പനിയും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയും സംയുക്തമായി 313 മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചു.

ഇന്ത്യയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദേശമനുസരിച്ച് കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നത്. 

ഇതനുസരിച്ചു കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുവൈത്ത് സൈനികവിമാനങ്ങളിലും ഇന്ത്യയില്‍ നിന്നുമെത്തിയ കപ്പലുകളിലുമായിട്ടാണ് മെഡിക്കല്‍ ഉപകാരണങ്ങളും മരുന്നും ഇന്ത്യയില്‍ എത്തിച്ചത്.

ഇന്ത്യയില്‍നിന്നുമെത്തിയ ഐ.എന്‍.എസ്. കൊല്‍ക്കത്ത, ഐ.എന്‍.എസ്. കൊച്ചി, ഐ.എന്‍.എസ്. തബാര്‍ തുടങ്ങിയ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളാണ് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം കൊണ്ടു പോകുന്നത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിസ്, കുവൈത്ത് പോര്‍ട്ട് അതോറിറ്റി, കുവൈത്ത് കസ്റ്റംസ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.