കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 992 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പത്തു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,645 ആയി. ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 2, 85,068 ആയി.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമാണ്. ഇതുവരെ 1,317 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,69,633 ആയി. നിലവില്‍ 13,790  പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 210 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

അതേസമയം കടുത്ത നിയന്ത്രണങ്ങളെ തുടുര്‍ന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായെങ്കിലും മരണ നിരക്കില്‍ കുറവില്ല. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ജനങ്ങള്‍ 
അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.അബ്ദുള്ള അല്‍ സനാദ് ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്തെ പ്രമുഖ മാളുകള്‍ കേന്ദ്രീകരിച്ചു കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നതയും, കുത്തിവെപ്പിന് എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.