കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി ഉള്‍പ്പെടെ ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിലും കോവിഡ് മരണ നിരക്ക് ഉയരുന്നതിലും അധികൃതര്‍ വലിയ ആശങ്കയിലാണ്. കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
രാജ്യത്ത് നടപ്പിലാക്കിയ ഭാഗിക കര്‍ഫ്യു ഏപ്രില്‍ 22 വരെ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേസമയം രാജ്യത്തു മൊത്തം കോവിഡ് രോഗികള്‍ 2,33,521 ആയി വര്‍ധിച്ചു. മരണ സംഖ്യ 1,319 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം നിലവില്‍ 14,329 പേര്‍  ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ 252 പേര്‍ അതീവ ഗുരുതരമായി തുടരുന്നതയും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അതേസമയം. രാജ്യത്ത് ഇതുവരെ 2,066,048 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതുവരെ 2,17,873 പേര്‍ കോവിഡ് രോഗ മുക്തരായതയും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു.