കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ഏപ്രില്‍ 22 വരെ നീട്ടി. വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനം.

രാജ്യത്ത് തുടരുന്ന ഭാഗിക കര്‍ഫ്യൂ ഏപ്രില്‍ 22 വരെ തുടരുമെന്നും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയായി പുനക്രമീകരിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെസ്രേം അറിയിച്ചു.

ഏപ്രില്‍ 8 മുതലാണ് കര്‍ഫ്യു സമയത്തില്‍ മാറ്റം പ്രാബല്യത്തിലാവുക. രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെയായിരിക്കും കര്‍ഫ്യൂ. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് മാര്‍ക്കറ്റുകള്‍ എന്നിവ രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ (ഡെലിവറി സര്‍വീസ്) അനുവദിക്കുമെന്നും രാത്രി ഏഴ് മുതല്‍ രാത്രി 10 വരെ പാര്‍പ്പിട മേഖലകളില്‍ നടക്കാന്‍ അനുവദിക്കുമെന്നും താരീഖ് അല്‍ മെസ്രേം അറിയിച്ചു.

അതോടൊപ്പം കോപ്പറേറ്റീവ് സൊസൈറ്റികളില്‍ അപ്പോയിന്റ്മെന്റ് റിസര്‍വേഷന്‍ അനുസരിച്ചു രാത്രി ഏഴ് മുതല്‍ രാത്രി 12  മണി വരെ ഷോപ്പിംഗിന് അനുവദിക്കുന്നതാണ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ കര്‍ഫ്യു തുടരുന്നതിന് തീരുമാനിച്ചത്.