കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികള്‍ക്കായി ആര്‍ട്ടിക്കിള്‍ 19 വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നു. ഇതനുസരിച്ചു 60 വയസ്സ് കഴിഞ്ഞവരും കുവൈത്തില്‍ സാമ്പത്തിക നിക്ഷേപമുള്ളവരും സ്വദേശികള്‍ക്കൊപ്പം സ്വകാര്യ മേഖലയില്‍ സ്ഥാപനത്തിലെ പാര്‍ട്ണറോ, വ്യവസായ സംരംഭത്തില്‍ പങ്കാളിയോ ആയിട്ടുള്ള വിദേശികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 താമസ രേഖ ലഭ്യമാകും.

അതേസമയം 100,000 കുവൈത്ത് ദിനാറില്‍ കുറയാത്ത സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള വിദേശികളെ മാത്രമേ പരിഗണിക്കുകയുള്ളു. കൂടാതെ വാണിജ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് അനുവദിക്കുക.

60 കഴിഞ്ഞ വിദേശികള്‍ പ്രത്യേകിച്ചും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക്, കുടുംബ വിസയിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങി പോകാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കാണ് ഇത്തരത്തില്‍ താമസ രേഖ പുതുക്കുന്നതിന് അവസരം നല്‍കുന്നതിനെ കുറിച്ച് കുടിയേറ്റ  വിഭാഗം ആലോചിക്കുന്നത്.