കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ എത്തിയത്  ഇന്ത്യയില്‍ നിന്നും. 47 വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും തൊട്ടടുത്ത ഇസ്തംബൂളില്‍ നിന്ന് 29 വിമാനങ്ങളും കുവൈത്തിലെത്തി. 

ഒരാഴ്ചക്കിടയില്‍ കുവൈത്തിലെക്ക് 192 വാണിജ്യ വിമാന സര്‍വീസും കുവൈത്തില്‍ നിന്നും 193 വിമാന സര്‍വീസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രതിദിന കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഫെബ്രുവരി ഏഴ് മുതല്‍ വിദേശികള്‍ക്കു രണ്ടാഴ്ച്ചത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി.

നിലവില്‍ വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും കുവൈത്ത് സ്വദേശികളുടെ ബന്ധുക്കള്‍ക്കും മാത്രമാണ് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്.