കുവൈത്ത് സിറ്റി: നാട്ടില്‍ പോയി ആറു മാസത്തിനുള്ളില്‍ മടങ്ങി വരാന്‍ കഴിയാത്ത വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അവസരം. കാലാവധിയുള്ള താമസ രേഖയുള്ളവര്‍ക്ക് ആറുമാസം കഴിഞ്ഞാലും മടങ്ങി വരാവുന്നതാണ്.

2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം രാജ്യത്തിന് പുറത്തേക്ക് പോയവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് കുവൈത്ത് ഡി.ജി.സി.എ. അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ച പശ്ചാത്തലത്തിലാണ് കുവൈത്ത് വ്യോമയാന വകുപ്പ് ഉത്തരവ് ഇറക്കിയത്.

സാധാരണ ഗതിയില്‍ ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാല്‍ താമസ രേഖ റദ്ദാവുന്നതാണ്. എന്നാല്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ആയിരക്കണക്കിന് മലയാളികളടക്കം വിദേശികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.