കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കുവൈത്ത് പാർലമെന്റ് മനുഷ്യാവകാശ സമിതി തലവൻ ഖലീൽ അൽ സലേഹ് എം.പി. ആവശ്യപ്പെട്ടു. കൃത്യമായ രൂപരേഖ തയ്യാറാക്കി വിദേശികളുടെ എണ്ണം കുറയ്ക്കാനാണ് സമിതി ആലോചിക്കുന്നതെന്നും എം.പി. പറഞ്ഞു.

‘‘രാജ്യം നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നത്തിനുള്ള പരിഹാരം കർശനമായി നടപ്പാക്കുകയാണ് പാർലമെന്റ് സമിതിയുടെ ലക്ഷ്യം. നിലവിൽ രാജ്യത്തുള്ള വിവിധ വിദേശ സമൂഹങ്ങൾക്ക് നിശ്ചിത ക്വാട്ട ഏർപ്പെടുത്തുകയാണ് സമിതിക്ക് മുന്നിലുള്ള ഒരു നിർദേശം. ഇതോടെ, സ്വകാര്യ മേഖലയിലും സർക്കാർ-പൊതുമേഖലയിലും ചില പ്രത്യേക സമൂഹങ്ങളുടെ ആധിപത്യം ഇല്ലാതാക്കാൻ സാധിക്കും’’-സലേഹ് പറഞ്ഞു. പാർലമെന്റ് സാമ്പത്തിക സമിതി തയ്യാറാക്കിയ വിദഗ്‌ധ റിപ്പോർട്ട് അനുസരിച്ചു വിദേശികളയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നകാര്യം മനുഷ്യാവകാശ സമിതി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യുമെന്നും സലേഹ് പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ നികുതി ഏർപ്പെടുത്തണമെന്ന നിർദേശം വർഷാരംഭത്തിൽ പാർലമെന്റ് നിയമ, ഭരണഘടനാ സമിതി തള്ളിയതാണ്. വിദേശികളുടെ സന്ദർശന വിസയ്ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനും നീക്കമുണ്ട്

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 11,443 പേർക്ക് സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ-പൊതുമേഖലയിലേക്ക് ജോലി മാറാൻ സാധിച്ചു. ഇത് സർക്കാർ നടപ്പാക്കിയ കർശന നടപടികളുടെ വിജയമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.