ുവൈത്ത്: കുവൈത്തില്‍ സ്വകാര്യമേഖലയില്‍ പുതിയ നിയമം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.

രാജ്യത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതാണ് ഈ നിയമം. മാര്‍ച്ചിനുമുമ്പ് ഇത് നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുക, അവര്‍ക്കുവേണ്ട പരിശീലനം നല്‍കുക എന്നിവ പദ്ധതിയുടെ ഭാഗമായുണ്ടാവും. സ്വകാര്യമേഖലയിലെ തൊഴില്‍ഘടനയെക്കുറിച്ച് വിശദപഠനം നടത്തിയശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

പഠന റിപ്പോര്‍ട്ടിനെക്കുറിച്ച് തൊഴില്‍ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. പൊതുമേഖലകളിലുള്ള ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശികളെ നിയമിച്ചതിന്റെ അടിസ്ഥാനം, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2018-ല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.