കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റര്‍ സെന്റ്രല്‍ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ, അടിയന്തിര രക്തദാനക്യാമ്പുകള്‍ സംഘടിപ്പിച്ചു. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഉണ്ടാകാനിടയുള്ള രക്തദാതാക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ്  കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് കുവൈത്തിലെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലും, ലേബര്‍ ക്യാമ്പുകളുടെ കേന്ദ്രമായ മഹബുലയിലും പ്രത്യേക രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

2019 ല്‍ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പിന്തുണയോടെ സംഘടിപ്പിക്കുന്ന എട്ടാമത്തെ ക്യാമ്പ് ആണ്  വിജയകരമായി പൂര്‍ത്തിയാക്കിയത്. സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ നാല്‍പതോളം വരുന്ന മെഡിക്കല്‍ സംഘമാണ് ക്യാമ്പുകളുടെ നടത്തിപ്പിനായി രണ്ടു കേന്ദ്രങ്ങളിലുമായി എത്തിയത്. 

രാത്രി എട്ടു മുതല്‍ പന്ത്രണ്ട് വരെ നടത്തിയ ക്യാമ്പിന് അഭൂത പൂര്‍വ്വമായ പ്രതികരണമാണ്  ലഭിച്ചത്. ഇരു ക്യാമ്പുകളിലുമായി നോമ്പെടുക്കുന്നവരും, സ്ത്രീകളും ഉള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ രക്തദാനം നടത്തിയപ്പോള്‍, നൂറോളം പേര്‍ക്ക് സമയപരിമിതി മൂലം മടങ്ങി പോകേണ്ടി വന്നു. ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജര്‍ അഡ്വഃ ജോണ്‍ തോമസ് നിര്‍വഹിച്ചു. രക്തദാനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുളള ബിഡികെ കുവൈത്തിന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രതിനിധി ഡോ. ആന്റണി സെബാസ്റ്റ്യന്‍ ഡിക്രൂസ് നിര്‍വഹിച്ചു.

കുവൈത്തിലെ പ്രമുഖ വെബ് ഡിസൈന്‍ സ്ഥാപനമായ ജമന്തി ഡിസൈന്‍ ആണ് ബിഡികെ കുവൈത്തിന് സൗജന്യമായി വെബ് സൈറ്റ് നിര്‍മിച്ചു നല്‍കിയത്. രക്തദാനതത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, രക്താവശ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം കൂടാതെ രക്തദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡണ്ട് രഘുബാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോ. സെക്രട്ടറി റോസ്മിന്‍ സോയൂസ് സ്വാഗതവും, രക്ഷാധികാരി മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.