കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്ഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖല കമ്മിറ്റിയുടേ കീഴില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പച്ചക്കുട, പ്രകൃതിയും കുട്ടികളും എന്ന പേരില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
മംഗഫ് കല സെന്ററില്‍ വെച്ചു നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലവിളി എന്ന ഡൊക്യുമെന്ററി പ്രദര്‍ശനം, ഹെര്‍ബേറിയം നിര്‍മ്മാണ പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ബാലവേദി കുവൈറ്റ് മേഖല പ്രസിഡന്റ് ഋഷി പി കരുണിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖല വൈസ് പ്രസിഡന്റ് അവനി വിനോദ് പരിസ്ഥിതി ദിന സന്ദേശം നല്കി. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി കണ്‍വീനര്‍ തോമസ് എബ്രഹാം, കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, ബാലവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി സെന്സ അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് മേഖല രക്ഷാധികാരി സമിതി കണ്‍വീനര്‍ ജ്യോതിഷ് പിജി പരിപാടിയില്‍ സംബന്ധിച്ചു.
കല കുവൈറ്റ് മേഖല പ്രസിഡന്റ് സജീവ് മാന്താനം കുട്ടികള്‍ക്ക് കവിത ചൊല്ലിക്കൊടുത്തു. ബാലവേദി അംഗങ്ങളായ അനഘ മനോജ്, ഗൗതം വിനീത് എന്നിവര്‍ വേദിയില്‍ കവിതകള്‍ ആലപിച്ചു. മംഗഫ് കല സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് നാട്ടില്‍ അവധിക്ക് പോയി തിരികെ വന്ന മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗം ലിയോ കൊണ്ടുവന്ന പുസ്തകങ്ങള്‍ വേദിയില്‍ വെച്ച് കൈമാറി. ബാലവേദി ഫഹാഹീല്‍ മേഖല പ്രസിഡന്റ് ആന്‍സിലി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി അംഗം അഭിരാം അനൂപ് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം ഡോ: വിവി രംഗന്റെ നേതൃത്വത്തില്‍ നടന്ന ഹെര്‍ബേറിയം നിര്‍മ്മാണ പരിശീലനവും ഡോക്യുമെന്ററി പ്രദര്‍ശനവും കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി മാറി.