കുവൈത്ത് സിറ്റി: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന ദൗര്‍ലഭ്യം കണക്കിലെടുത്ത് പൊതുമാപ്പ് കാലയളവില്‍ തൊഴിലുടമയില്‍നിന്നും ഒളിച്ചോടിയ വീട്ടുവേലക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു.

തൊഴിലുടമയില്‍നിന്നും ഒളിച്ചോടിയെന്ന് പരാതി നിലവിലുള്ളവര്‍ക്ക് നിയമപരമായി നല്‍കേണ്ട പിഴ അടച്ചശേഷം രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാന്‍ അനുവദിക്കും. പരാതിനല്‍കിയ തൊഴിലുടമതന്നെ പിഴ അടച്ചശേഷം തൊഴിലാളിയെ വീണ്ടും നിയമിക്കാമെന്ന് കുടിയേറ്റവിഭാഗം മേധാവി മേജര്‍ ജനറല്‍ മാസിന്‍ അല്‍-ജറാഹ് അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍പ്പോയാല്‍ മടങ്ങിവരാന്‍ കഴിയുമോയെന്ന ഉത്കണ്ഠയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.

തൊഴിലാളികളുടെ പരാതികള്‍ അറിയുന്നതിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഒരു പ്രത്യേക മൊബൈല്‍ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ദൂരദേശങ്ങളില്‍ താമസിക്കുന്ന വീട്ടുവേലക്കാര്‍ക്ക് അവരുടെ പരാതികള്‍ മൊബൈല്‍ ഓഫീസില്‍ അറിയിക്കാം. ആധുനിക കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ എസ്.എം.എസ്. വഴിയും തൊഴിലുടമയ്ക്ക് എതിരായ പരാതികള്‍ തൊഴിലാളിക്ക് എളുപ്പം എത്തിക്കാവുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരും പരിശോധക സംഘവുമുള്‍പ്പെട്ട പ്രത്യേക എമര്‍ജന്‍സി ടീമാണ് ഓഫീസ് നിയന്ത്രിക്കുന്നത്.

വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക. ഒളിച്ചോട്ടം സംബന്ധിച്ച പരാതിയുടെ വിവരങ്ങള്‍ തൊഴിലാളിയെ എസ്.എം.എസ്. വഴി അറിയിക്കും. തൊഴിലുടമയ്‌ക്കെതിരായ പരാതി തൊഴിലുടമയെയും അറിയിക്കും. പരാതിനേരിടുന്ന തൊഴിലാളികള്‍ തുടര്‍നടപടികള്‍ക്ക് അതത് എംബസിയെ സമീപിക്കുന്നതിനും മുന്‍കൂര്‍ നോട്ടീസ് പ്രയോജനപ്പെടും.

വിദേശ തൊഴിലാളികളുടെ ശരിയായ മൊബൈല്‍ ടെലിഫോണ്‍ നമ്പര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശ എംബസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.