കുവൈത്ത് സിറ്റി: അഴിമതി, പൊതുമുതല്‍ ദുരുപയോഗം ചെയ്യല്‍ മുതലായവ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഏവര്‍ക്കും ജുഡീഷ്യറിയെ സമീപിക്കാനുള്ള അവകാശം നല്‍കുന്നതാണു കുവൈത്ത് ഭരണഘടനയെന്ന് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് വ്യക്തമാക്കി.
പൊതു അവകാശങ്ങളിലും കടമകളിലും രാജ്യത്തെ മുഴുവന്‍ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നും കുവൈത്ത് ടി.വി.യില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ അദ്ദേഹം അറിയിച്ചു.
അഴിമതിക്കാര്‍ക്ക് യാതൊരു പരിരക്ഷയും നല്‍കുന്നതല്ല. എന്നാല്‍ കുറ്റക്കാരായി തെളിയിക്കപ്പെടുന്നത് വരെ ആരോപണ വിധേയനായ വ്യക്തിയെ നിരപരാധിയായി കണക്കാക്കണമെന്നാണു നിയമം അനുശാസിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യതാല്പര്യങ്ങള് മുന്‍നിര്‍ത്തി രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ എല്ലാ പൗരന്മാരും ഐക്യപ്പെടേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തിങ്കളാഴ്ച കുവൈത്ത് പ്രധാനമന്ത്രിയായി ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിനെ നിയമിച്ചു കൊണ്ടും രണ്ടു മുതിര്‍ന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ടും കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി ഷൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് പ്രസ്താവന പുറപ്പെടുവിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന ക്ഷമാപണത്തോടു കൂടിയാണു അദ്ദേഹം അമീറിനെ സന്ദര്‍ശിച്ച് നിലപാട് വ്യക്തമാക്കിയത്.
രാജിവെച്ച മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയും അമീറിന്റെ മൂത്ത പുത്രനുമായ ഷൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമ്മദ്, ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് എന്നിവരെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിക്കാനാണു അമീര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് അടക്കമുള്ള മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണയും അവിശ്വാസ പ്രമേയവും നടക്കാനിരിക്കെ കഴിഞ്ഞ 14-നാണു മന്ത്രിസഭ രാജി സമര്‍പ്പിച്ചത്.
ഇതിനുശേഷം നിലവിലെ ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് പ്രതിരോധ ഫണ്ട് വിനിയോഗച്ചതില് ക്രമക്കേട് നടന്നതായി ആരോപണം ഉയരുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രിയും അമീറിന്റെ മൂത്ത പുത്രനുമായ ഷൈഖ് നാസര്‍ അല്‍ അഹമദ് അല്‍ സബാഹ് ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ സബാഹിനുനും പ്രധാനമന്ത്രിക്കുമെതിരെ പരസ്യമായി വിമര്‍ശ്ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.ഇതിനു മറുപടിയായി ആഭ്യന്തര മന്ത്രി പ്രതിരോധ മന്ത്രിക്ക് എതിരെ നടത്തിയ പരസ്യ പ്രസ്താവന ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ മറനീക്കി പുറത്തു വരികയും കുവൈത്ത് സമൂഹത്തിനിടയില്‍ വന്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.
രാജ്യചരിത്രത്തില്‍ ആദ്യമായാണു രാജ കുടുംബത്തിലെ രണ്ടു മുതിര്‍ന്ന മന്ത്രിമാര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നത്.ഇതേ തുടര്‍ന്നാണു രണ്ടു പേരെയും ഒഴിവാക്കി കൊണ്ട് മന്ത്രി സഭ രൂപീകരിക്കാന്‍ അമീര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ഖാലിദ് അല്‍ സബാഹിനാണു പ്രതിരോധ മന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. കാബിനറ്റ് കാര്യ മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ അനസ് അല്‍ സാലിഹിനു ആഭ്യന്തര മന്ത്രിയുടെ അധിക ചുമതലയും നല്കി കൊണ്ടാണു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെയുള്ള കീഴ്വഴക്കങ്ങള് അനുസരിച്ച് പ്രധാനമന്ത്രിയെ അമീര്‍ നിയമിക്കുകയും മറ്റു മന്ത്രിമാരെ പ്രധാനമന്ത്രി നാമ നിര്‍ദ്ദേശം ചെയ്യുകയുമാണു പതിവ്. എന്നാല്‍ രാജ്യ ചരിത്രത്തില്‍ ആദ്യമായാണു രാജ കുടുംബത്തിലെ പ്രമുഖരായ അതും സുപ്രധാന വകുപ്പുകള്‍ വഹിച്ചിരുന്ന രണ്ടു പേരെ ഉത്തരവിലൂടെ നീക്കം ചെയ്യുന്നത്. 2011 ഡിസംബര്‍ 4 മുതല്‍ പ്രധാനമന്ത്രിയായി തുടരുന്ന ഷൈഖ് ജാബിര്‍ അല്‍ മുബാറക്ക് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ട് മന്ത്രി സഭയാണു നടപ്പ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ഈ പാര്‍ലമെന്റില്‍ മൂന്നാം തവണയാണു അദ്ദേഹത്തെ പ്രധാന മന്ത്രിയായി നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹം സ്ഥാനം നിരസിച്ചതോടെ കനത്ത രാഷ്ട്രീയ അനിശ്ചിതത്വമാണു രാജ്യത്ത് ഉടലെടുത്തത്. കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണു ഇത്തരമൊരു സംഭവ വികാസം.അസാമാന്യമായ ഈ പ്രതിസന്ധി മറികടക്കുന്നതിനും കൂടുതല്‍ ഭിന്നതകള്‍ ഉടലെടുക്കുന്നത് തടയാനും ഊന്നല്‍ നല്കിയുള്ളതാണു കുവൈത്തി ജനതയെ അഭിസംബോധന ചെയ്തു കൊണ്ട് അമീര്‍ നടത്തിയ പ്രസംഗം എന്നാണു വിലയിരുത്തപ്പെടുന്നത്.