കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാന താവളം പൂര്‍വാധികം ശക്തിയോടെ പൂര്‍ണ്ണ ശേഷിയിലേക്ക് മടങ്ങുന്നു.മൂന്നു ഘട്ടങ്ങളിലായി 100 ശതമാനം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 50 ശതമാനം സര്‍വീസുകള്‍ പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 40 വിമാന സര്‍വീസുകളിലായി 10,000 യാത്രക്കാരാണ് കുവൈത്തില്‍ വന്നിറങ്ങുന്നത്.

അടുത്ത ഘട്ടം 200 വിമാനങ്ങളിലായി 20,000 യാത്രക്കാരെ എത്തിക്കാനാണ് നീക്കം. മൂന്നാം ഘട്ടത്തില്‍ പ്രതിദിനം 300 വിമാനങ്ങളിലായി 30,000 യാത്രക്കാര്‍ക്കുള്ള സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി. അതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. 

കോവിഡ് സാഹചര്യങ്ങള്‍  സൂക്ഷ്മമായി വിലയിരുത്തിയ ശേഷം കുവൈത്ത് വിമാന താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ ശേഷിയില്‍ ആരംഭിക്കാനാണു അധികൃതര്‍ തയാറെടുക്കുന്നത്. രണ്ടാഴ്ചയ്ക്കകം പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാനാണ് നീക്കം. ഇതിന്റെ ഭാഗമായി കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. 

ആരോഗ്യ മന്ത്രാലയത്തിന്റെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചു  വിമാനത്താവളം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് യോഗം ചര്‍ച്ച ചെയ്യുക. എന്നാല്‍ ഇക്കാര്യത്തില്‍ പ്രാദേശികവും രാജ്യാന്തര തലത്തിലും ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചു.