കുവൈത്ത് സിറ്റി:  കുവൈത്തിലെ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം.  രണ്ടു ഇന്ത്യക്കാര്‍ മരിച്ചതായും മറ്റു 10 ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍, ഡെപ്യൂട്ടി സി ഇ ഒ  അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ്ധി കമെര്‍ഷ്യല്‍ വിഭാഗം വക്താവ് അഹ്മദ് അല്‍ ഖുറായിഫ് അറിയിച്ചു.

കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിയിലാണ് അപകടമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ അഞ്ചു പേര്‍ സബാഹ് ആരോഗ്യമേഖലയിലെ അല്‍ ബാബ്‌തൈന്‍ ബേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം തീപിടിത്തം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കിയതായി കെ.എന്‍.പി.സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ റിഫൈനറി പ്രവര്‍ത്തനങ്ങളെയും എണ്ണ കയറ്റുമതിയേയും അപകടം ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.