കുവൈത്ത് സിറ്റി :  കുവൈത്തില്‍ ജനുവരി ആദ്യ 11 ദിവസത്തില്‍ നാട് കടത്തിയത് 607 വിദേശികളെ.വിവിധ കുറ്റകൃത്യങ്ങളില്‍ പിടിയിലായ വിദേശികളെയാണ് സ്വന്തം രാജ്യങ്ങളിലേക്ക് നാട് കടത്തിയത്.നാട് കടത്തല്‍ കേന്ദ്ര റിപ്പോര്‍ട്ട് അനുസരിച്ചു  '2022 ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളില്‍ കുവൈത്തില്‍ നിന്ന് 607 വിദേശികളെ നാട് കടത്തി.നാടുകടത്തിയവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.

വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായവരാണിവര്‍. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് , ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്‌സ് എന്നീ വകുപ്പുകളാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു.

പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനും എത്രയും വേഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവരെ രാജ്യത്തുനിന്ന് പുറത്താക്കാനും സുരക്ഷാ ഏജന്‍സികള്‍ കാണിക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.